സാമൂഹിക സാംസ്കാരിക ചരിത്രം

                                    സ്ഥലനാമ ചരിത്രം

                    കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ളോക്ക് പഞ്ചായത്തിന്റെ സിരാകേന്ദ്രമായ ചടയമംഗലം പഞ്ചായത്ത് എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 19.04 ച.കി.മീറ്ററാണ്. എ.ഡി 16-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാ നദിക്കും കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന ‘അയോയി’ എന്നുവിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചടയമംഗലം ബ്ളോക്ക് പ്രദേശമെന്ന് കരുതാവുന്നതാണ്. ചടയമംഗലം എന്ന സ്ഥലനാമത്തിന് പുരാണ കഥാപാത്രമായ ജടായുവുമായി ബന്ധമുണ്ടെന്നത് ഐതിഹ്യമാണ്.  എം.സി റോഡിന്റെ (എസ്.എച്ച്.ഐ) ഇരുവശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കാര്‍ഷിക പ്രധാനമായ പ്രദേശമാണ് ചടയമംഗലം ഗ്രാമപഞ്ചായത്ത്. ഏറ്റവും പ്രധാന കൃഷി നെല്‍ കൃഷി ആണ്. ചടയമംഗലം പഞ്ചായത്ത് പ്രദേശത്ത് സംസ്കാരസമ്പന്നമായ ഒരു ജനത അധിവസിച്ചിരുന്നുവെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പൌരാണിക പാരമ്പര്യം ഏറെ അവകാശപ്പെടാവുന്ന ഒരു സ്ഥലമാണ് ചടയമംഗലം പ്രദേശം. മലനാടിന്റെയും ഇടനാടിന്റെയും ശാലീനത ഈ പ്രദേശത്തിനു മികവേകുന്നു. ഏറെ പുരാതനകാലത്തു തന്നെ ഈ പ്രദേശത്ത് സംസ്കാര സമ്പന്നരായ ഒരു ജനവിഭാഗം വസിച്ചിരുന്നുവെന്നതിനു മതിയായ തെളിവുകള്‍ ഉണ്ട്. ആയ് രാജവംശത്തിന്റെ ആസ്ഥാനമാണ് ചടയമംഗലം എന്ന അഭിപ്രായം വസ്തുനിഷ്ഠമാണ്. 

ജടായുമംഗലം പാറ എന്നു വിളി കൊണ്ട ചടയമംഗലം പാറയ്ക്ക് രാമകഥയുമായുള്ള ബന്ധവും ഏറെ പ്രധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

 

                                           ദേശ ചരിത്രം

                      എ.ഡി 16-ം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാ നദിക്കും കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന ‘അയോയി’ എന്നുവിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചടയമംഗലം ബ്ളോക്ക് പ്രദേശമെന്ന് കരുതാവുന്നതാണ്. അന്നത്തെ സ്ഥലനാമങ്ങള്‍ ഊര്‍, മംഗലം, കുളം, കോട്, കര എന്നിങ്ങനെ അവസാനിക്കുന്നവയായിരുന്നു. ‘ആയൂര്‍’ തന്നെ ആയിരാജവംശവുമായി ബന്ധമുള്ളതാണ് എന്ന് പറയപ്പെടുന്നു. എ.ഡി.765 നും 815-നും മദ്ധ്യേ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന ജടിലപരാന്തക നെടുംചടയന്‍ എന്ന രാജാവ് ആയി രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോള്‍ പാണ്ടിപ്പട താവളമടിച്ച സ്ഥലമാണ് ചടയമംഗലമായത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ചടയമംഗലത്തിന് ജടായുവുമായി ബന്ധമുണ്ടെന്ന കഥ ഐതിഹ്യമാണ്. അതുപോലെ ചടയന്‍ എന്ന പറയസമുദായാംഗം ‘മംഗലം’ പൂകിയ (മോക്ഷം പ്രാപിച്ച) സ്ഥലമാണ് ചടയമംഗലമെന്നതും ഐതിഹ്യമാണ്. കളരികള്‍, ആശാന്‍ പള്ളിക്കുടങ്ങള്‍, ഗുരുകുല വിദ്യാലയങ്ങള്‍ ഇവയൊക്കെയായിരുന്നു പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇന്നത്തെ രീതിയിലുള്ള വിദ്യാലയങ്ങള്‍ സ്ഥാപിച്ചത് ആദര്‍ശശാലികളും ത്യാഗസമ്പന്നരുമായ ഏതാനും അധ്യാപകരും മഹത് വ്യക്തികളും ആയിരുന്നു. വിദ്യാലയ സ്ഥാപനത്തിന് മുന്‍കൈയെടുത്തവരില്‍ സവര്‍ണരും അവര്‍ണരും ഉള്‍പ്പെടുന്നു. സവര്‍ണര്‍ സ്ഥാപിച്ച ചില വിദ്യാലയങ്ങളില്‍ താണ ജാതിക്കാരായ കുട്ടികള്‍ക്ക് പ്രവേശനം കൊടുത്തിരുന്നില്ല. മറ്റു ചില വിദ്യാലയങ്ങളില്‍ താണ ജാതിക്കാര്‍ക്ക് പ്രവേശനം നല്‍കിയെങ്കിലും സവര്‍ണ വിദ്യാര്‍ത്ഥികളോടൊപ്പം ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. മാതൃഭാഷാ പഠനവും കണക്കു പഠനവും ആയിരുന്നു ആദ്യകാലത്ത് പ്രധാനമായും ഇത്തരം വിദ്യാലയങ്ങളുടെ ലക്ഷ്യം. പില്‍ക്കാലത്ത് ഇത്തരം വിദ്യാലയങ്ങളില്‍ പലതും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ആയി.  എ.ഡി 8-ാം നൂറ്റാണ്ടിനടുത്ത് നിര്‍മ്മിക്കപ്പെട്ടു എന്നു കരുതുന്ന കോട്ടുക്കല്‍ ഗുഹാക്ഷേത്രം (ഇട്ടിവ പഞ്ചായത്ത്) ഒരു ജനതയുടെ സംസ്ക്കാര മഹിമയെ വിളിച്ചോതുന്നു. ജടായുമംഗലം പാറ എന്നു വിളി കൊണ്ട ചടയമംഗലം പാറയ്ക്ക് രാമകഥയുമായുള്ള ബന്ധവും നിഷേധിക്കേണ്ടതില്ല. നാടന്‍ കലകള്‍ക്കും മറ്റു ക്ളാസിക്കല്‍ കലകള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന സ്ഥലമാണ്. വില്ലുപാട്ട്, കമ്പടികളി, തുമ്പിതുള്ളല്‍, ഉറിയടി, കതിരുകാള കെട്ടല്‍, കുത്തിയോട്ടം തുടങ്ങിയ അനവധി നാടന്‍ കലാരൂപങ്ങളില്‍ താത്പര്യവും പാരമ്പര്യവും ഉള്ള ജനങ്ങള്‍ ഇവിടെ വസിക്കുന്നു. നിരവധി ഞാറ്റുപാട്ടുകള്‍ ഇന്നും സ്മരണയില്‍ സൂക്ഷിക്കുന്ന ആളുകള്‍ ഈ പ്രദേശത്തുണ്ട്. കാക്കാരിശ്ശി നാടകം, പടയണി, ഓട്ടന്‍തുള്ളല്‍ എന്നീ ജനസമ്മിതി ഏറെയുള്ള കലാരൂപങ്ങള്‍ അറിയാവുന്നര്‍ കോട്ടുക്കല്‍, മതിര എന്നീ സ്ഥലങ്ങളില്‍ വസിക്കുന്നു. ചടയമംഗലത്തുള്ള കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്കുത്സവം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഇരുമുടിയുമായി ജനങ്ങള്‍ ഇവിടെയും ദര്‍ശനത്തിനു വരുന്നു.

 

പഞ്ചായത്തിലൂടെ

                  എം.സി റോഡിന്റെ (എസ്.എച്ച്.ഐ) ഇരുവശങ്ങളിലുമായി 19.04 ച.കി..മീ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന കാര്‍ഷിക പ്രധാനമായ പ്രദേശമാണ് ചടയമംഗലം ഗ്രാമപഞ്ചായത്ത്. കുന്നുകളും ചരിവുകളും താഴ്വരകളും സമതലപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രദേശം. 40 മീറ്ററില്‍ തുടങ്ങി 170 മീറ്ററില്‍ അവസാനിക്കുന്ന നിമ്നോന്നതിയാണ് ഇവിടെയുള്ളത്. പൊതുവായി മണ്‍തരങ്ങളെ ചെമ്മണ്ണ്, ചരല്‍ മണ്ണ്, എക്കല്‍ മണ്ണ്, കളിമണ്ണ് എന്നിങ്ങനെ തരം തിരിക്കാം. വലിയ ചരിവും ചെറിയ ചരിവും കാണുന്ന പ്രദേശങ്ങളില്‍ ചെമ്മണ്ണും കുന്നിന്‍മുകള്‍ ഭാഗത്ത് ചരല്‍ മണ്ണും കാണുന്നു. താഴ്വാരങ്ങളില്‍ എക്കല്‍ മണ്ണാണ് കൂടുതല്‍. ചതുപ്പ് പ്രദേശങ്ങളില്‍ കളിമണ്ണും. പഞ്ചായത്ത് പ്രദേശത്തെ ഉപരിതല ജലസ്രോതസ്സ് തോടുകള്‍, കുളങ്ങള്‍ എന്നിവയാണ്. ചടയമംഗലം പ്രദേശത്തെ 25 കി.മീ തോടുകളും 4 കുളങ്ങളും ഉണ്ട്. ഏറ്റവും പ്രധാന കൃഷി നെല്‍ കൃഷി തന്നെ. 255 ഹെക്ടര്‍ നിലത്തില്‍ നെല്‍കൃഷി നടത്തുന്നു. പ്രധാന നാണ്യവിളയാണ് റബര്‍. ഏകദേശം 960 ഹെക്ടറില്‍ ഇവിടെ റബ്ബര്‍ കൃഷിയുണ്ട്. ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്ന ഈ മേഖല ഇന്നു ഗുരുതരമായ തകര്‍ച്ചയെ നേരിടുകയാണ്. കൂണ്‍ കൃഷി, ഔഷധ സസ്യകൃഷി, കുരുമുളക് കൃഷി, മരച്ചീനി കൃഷി എന്നിവയുടെ പഞ്ചായത്തിലെ കാര്‍ഷിക രംഗത്തെ സമ്പുഷ്ടമാക്കുന്ന ഘടകങ്ങളാണ്.

                                1974 മുതല്‍ തന്നെ പഞ്ചായത്ത് മേഖലയില്‍ ക്ഷീര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുണ്ടായി. കന്നുകാലികള്‍ വിവിധ ഇനം ആടുകള്‍, കോഴി, താറാവ് എന്നിവയെല്ലാം കര്‍ഷകരുടെ വീടുകളില്‍ സുലഭമായിരുന്നു. വീട്ടാവശ്യത്തിനുള്ള പാലും മുട്ടയും ഉത്പാദിപ്പിക്കുകയും കാര്‍ഷികാവശ്യത്തിനുവേണ്ടി ഉരുക്കളെ ഉപയോഗിക്കുകയുമായിരുന്നു ലക്ഷ്യം. ക്ഷീരോത്പാദന രംഗത്ത് ചടയമംഗലം പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ള പരിശീലന പരിപാടികളില്‍ കര്‍ഷകര്‍ പങ്കെടുക്കുകുയും അത്യുത്പാദന ശേഷിയുള്ള സങ്കരയിനം കാലികളെ വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തു. പാലുത്പാദനം ഗണ്യമായി വര്‍ദ്ധിച്ചുവന്ന സാഹചര്യത്തില്‍ വിപണ സൌകര്യം മെച്ചപ്പെടുന്നതിനുവേണ്ടി ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. തീറ്റപ്പുല്‍ കൃഷി വികസനത്തിനാവശ്യമായ സംരംഭങ്ങള്‍ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയില്‍ പുതിയ ഉണര്‍വ്വുണ്ടാക്കിയിട്ടുണ്ട്. ചടയമംഗലത്ത് മലബാര്‍ ബ്രഡ്, സ്റ്റീല്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റ്, വെല്‍ഡിംഗ് വര്‍ക് ഷോപ്പ് എന്നീ സ്ഥാപനങ്ങളാണ് ഉള്ളത്. ഊര്‍ജ്ജസ്വലമായ ഒരു തൊഴില്‍ മേഖലയ്ക്ക് ഈ യൂണിറ്റുകള്‍ വഴിയൊരുക്കുന്നില്ല. കശുവണ്ടി സംസ്കരണമാണ് പരമ്പരാഗത വ്യവസായമെന്ന നിലയില്‍ നിലവിലുള്ളത്. ഇത് കുടില്‍ വ്യവസായത്തിന്റെ നിലവാരത്തിലുമാണ്. ഈറ, മുള, ചൂരല്‍ തുടങ്ങിയ അസംസ്കൃതവസ്തുക്കളുപയോഗിച്ച് നടത്തുന്ന കുടില്‍ വ്യവസായങ്ങളാണ് മറ്റൊരു തൊഴില്‍ രംഗം. മണ്ണിന്റെയും കാലാവസ്ഥയുടേയും സവിശേഷത കൊണ്ട് നെല്ല്, മരച്ചീനി, വാഴ, തെങ്ങ്, കമുക്, കുരുമുളക്, കശുമാവ്, റബ്ബര്‍ എന്നീ വിളകള്‍ക്ക് വളരെ അനുയോജ്യമാണ് പ്രദേശം. മറ്റു കൃഷികളെ എല്ലാം പിന്നിലാക്കിക്കൊണ്ട് റബ്ബര്‍ കൃഷി മുന്നിട്ടു നില്ക്കുന്നു. ഇപ്പോള്‍ റബ്ബര്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍പ്പോലും റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ഒന്നും തന്നെ ഇവിടെ ഇല്ലെന്നുള്ള ദുഃഖസത്യവും അവശേഷിക്കുന്നു. അശാസ്ത്രീയമായ കൃഷിരീതിയും കാറ്റ് വീഴ്ചയും മൂലം തെങ്ങ് കൃഷി തകര്‍ച്ചയിലേക്ക് നീങ്ങുന്നു നമ്മുടെ സമ്പത്ത് വ്യവസ്ഥയില്‍ വ്യവസായത്തിന്റെ സ്ഥാനം നാമമാത്രമാണ്.