ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എ.ഡി 16-ം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാ നദിക്കും കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന അയോയിഎന്നുവിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചടയമംഗലം ബ്ളോക്ക് പ്രദേശമെന്ന് കരുതാവുന്നതാണ്. അന്നത്തെ സ്ഥലനാമങ്ങള്‍ ഊര്‍, മംഗലം, കുളം, കോട്, കര എന്നിങ്ങനെ അവസാനിക്കുന്നവയായിരുന്നു. ആയൂര്‍ തന്നെ ആയിരാജവംശവുമായി ബന്ധമുള്ളതാണ് എന്ന് പറയപ്പെടുന്നു. എ.ഡി.765 നും 815-നും മദ്ധ്യേ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന ജടിലപരാന്തക നെടുംചടയന്‍ എന്ന രാജാവ് ആയി രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോള്‍ പാണ്ടിപ്പട താവളമടിച്ച സ്ഥലമാണ് ചടയമംഗലമായത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ചടയമംഗലത്തിന് ജടായുവുമായി ബന്ധമുണ്ടെന്ന കഥ ഐതിഹ്യമാണ്. അതുപോലെ ചടയന്‍ എന്ന പറയസമുദായാംഗം മംഗലംപൂകിയ (മോക്ഷം പ്രാപിച്ച) സ്ഥലമാണ് ചടയമംഗലമെന്നതും ഐതിഹ്യമാണ്. കളരികള്‍, ആശാന്‍ പള്ളിക്കുടങ്ങള്‍, ഗുരുകുല വിദ്യാലയങ്ങള്‍ ഇവയൊക്കെയായിരുന്നു പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇന്നത്തെ രീതിയിലുള്ള വിദ്യാലയങ്ങള്‍ സ്ഥാപിച്ചത് ആദര്‍ശശാലികളും ത്യാഗസമ്പന്നരുമായ ഏതാനും അധ്യാപകരും മഹത് വ്യക്തികളും ആയിരുന്നു. വിദ്യാലയ സ്ഥാപനത്തിന് മുന്‍കൈയെടുത്തവരില്‍ സവര്‍ണരും അവര്‍ണരും ഉള്‍പ്പെടുന്നു. സവര്‍ണര്‍ സ്ഥാപിച്ച ചില വിദ്യാലയങ്ങളില്‍ താണ ജാതിക്കാരായ കുട്ടികള്‍ക്ക് പ്രവേശനം കൊടുത്തിരുന്നില്ല. മറ്റു ചില വിദ്യാലയങ്ങളില്‍ താണ ജാതിക്കാര്‍ക്ക് പ്രവേശനം നല്‍കിയെങ്കിലും സവര്‍ണ വിദ്യാര്‍ത്ഥികളോടൊപ്പം ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. മാതൃഭാഷാ പഠനവും കണക്കു പഠനവും ആയിരുന്നു ആദ്യകാലത്ത് പ്രധാനമായും ഇത്തരം വിദ്യാലയങ്ങളുടെ ലക്ഷ്യം. പില്‍ക്കാലത്ത് ഇത്തരം വിദ്യാലയങ്ങളില്‍ പലതും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ആയി.  എ.ഡി 8-ാം നൂറ്റാണ്ടിനടുത്ത് നിര്‍മ്മിക്കപ്പെട്ടു എന്നു കരുതുന്ന കോട്ടുക്കല്‍ ഗുഹാക്ഷേത്രം (ഇട്ടിവ പഞ്ചായത്ത്) ഒരു ജനതയുടെ സംസ്ക്കാര മഹിമയെ വിളിച്ചോതുന്നു. ജടായുമംഗലം പാറ എന്നു വിളി കൊണ്ട ചടയമംഗലം പാറയ്ക്ക് രാമകഥയുമായുള്ള ബന്ധവും നിഷേധിക്കേണ്ടതില്ല. നാടന്‍ കലകള്‍ക്കും മറ്റു ക്ളാസിക്കല്‍ കലകള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന സ്ഥലമാണ്. വില്ലുപാട്ട്, കമ്പടികളി, തുമ്പിതുള്ളല്‍, ഉറിയടി, കതിരുകാള കെട്ടല്‍, കുത്തിയോട്ടം തുടങ്ങിയ അനവധി നാടന്‍ കലാരൂപങ്ങളില്‍ താത്പര്യവും പാരമ്പര്യവും ഉള്ള ജനങ്ങള്‍ ഇവിടെ വസിക്കുന്നു. നിരവധി ഞാറ്റുപാട്ടുകള്‍ ഇന്നും സ്മരണയില്‍ സൂക്ഷിക്കുന്ന ആളുകള്‍ ഈ പ്രദേശത്തുണ്ട്. കാക്കാരിശ്ശി നാടകം, പടയണി, ഓട്ടന്‍തുള്ളല്‍ എന്നീ ജനസമ്മിതി ഏറെയുള്ള കലാരൂപങ്ങള്‍ അറിയാവുന്നര്‍ കോട്ടുക്കല്‍, മതിര എന്നീ സ്ഥലങ്ങളില്‍ വസിക്കുന്നു. ചടയമംഗലത്തുള്ള കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്കുത്സവം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഇരുമുടിയുമായി ജനങ്ങള്‍ ഇവിടെയും ദര്‍ശനത്തിനു വരുന്നു.